നാറാണത്തിന്റെ കണ്ണീർ

നാറാണത്തെ! നിന്റെ കാമങ്ങൾ മലമുകളിൽ ഉരുട്ടി കയറ്റി താഴേക്കിട്ടു രസിച്ചിരുന്ന കഥകൾ എല്ലാവരുമറിയും. പക്ഷെ എന്തും എല്ലായിപ്പോഴും  ഒരു അട്ടഹാസത്തിൽ മാത്രമൊതുക്കിയിരുന്ന നീ നൊമ്പരത്താൽ കണ്ണീർ പൊഴിച്ച കഥ എന്തെ ആരുമറിഞ്ഞില്ല. . . എന്തെ ആരും ചോദിച്ചില്ല , “നാറാണത് എന്തിനാ കരഞ്ഞത്?”, എന്ന് . . .

തായ്കുലത്തിൽ വളർന്ന വള്ളോന്റെ മകനായിരുന്നു അമതൻ. “മതമില്ലാത്തവൻ”, എന്ന് പേര് വിശേഷിക്കുമ്പോഴും പറയകുലമായതിനാൽ മേൽകുലത്തിൽ പിറന്നവരുടെ ആട്ടും തുപ്പും സഹിച്ചു വളരേണ്ടിവന്നു അമതന്. ഇളം പ്രായത്തിൽ തന്നെ സമൂഹത്തിലെ തൊട്ടുതീണ്ടായ്മക്കും അനീതികൾക്കുമെതിരെ പടവാൾ എടുത്തവനായിരുന്നു അമതൻ; ഒടുവിൽ അതെ യുദ്ധത്തിൽ മൃത്യുവടഞ്ഞു. ഒരുപക്ഷെ കേരളം കണ്ട ആദ്യ ക്രാന്തിവാദിയായിരിക്കാം അമതൻ.

നവരസങ്ങളും അതുവരെ ഒരു പൊട്ടിചിരിയിൽ ഒതുക്കിയിരുന്ന നാരാണത്തിന്റെ കണ്ണിൽ അന്ന് കാർമേഘങ്ങൾ ഇരമ്പി, ഒടുവിളത്തൊരു പെരുമഴയായി. ഒരു ഭ്രാന്തന്റെ കണ്ണീരിനെന്തു വില അല്ലെ? നാരാണത്തെ! നീ എന്തിനാ കരഞ്ഞത്? ഉത്തരം നിനക്കുമാത്രം സ്വന്തം. തന്റെ അനുജന്റെ മകനോടുള്ള മമത മാത്രമായിരുന്നോ ആ കണ്ണീരിന്റെ കാരണം? എങ്കിലെന്തേ പെരുന്തച്ഛന്റെ മകൻ കൊല്ലപ്പെട്ടപ്പോൾ, നാരാണത്തെ, നീ കരഞ്ഞില്ല?

അമതനെന്നാൽ മതമില്ലാത്തവൻ; മതഭിന്നതകളില്ലാതെ മനുഷ്യൻ മനുഷ്യനായിമാത്രം വാഴുന്ന കാലം; അവൻ “അമതൻ” ആവുന്ന കാലം. എന്നാൽ അമതൻ വധിക്കപെടുന്നതോടെ ഈ സ്വപ്നം തകരുന്നു; ഇതോർത്തായിരുന്നോ നാറാണത്തെ നിന്റെ കണ്ണീർ? കലിവാഴുന്ന ഈയുഗത്തിൽ അമത്തന്റെ മരണം സൂചിപ്പിക്കുന്നത്‌ ജാതിയുടെയും മതത്തിന്റെയും പേരിൽ ഇവിടെ നടക്കുന്ന കലാപങ്ങളായിക്കൂടെ? അമത്തന്റെ മരണം മാനവരാശിയുടെ മരണത്തിനു തുല്യമാണ്. ചുടലകളിൽ, ജാതിയുടെ പേരിൽ, രക്തത്തിപൂണ്ട വിറകുമുട്ടികൾ കത്തിയമരുന്ന കലിയുടെ താണ്ഡവമോർത്താവാം നാറാണത്തു കരഞ്ഞത്.